Kerala
തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വെള്ളറട അനന്ത ശ്രീരാഗം വീട്ടില് അനന്തു (27) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.
വെള്ളറട ജംഗ്ഷന് സമീപത്ത് എംഡിഎംഎ വില്പ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നുള്ള പരിശോധനയിലാണ് അനന്തു പൊലിസ് വലയിലായത്. ഇയാളില്നിന്നും ഒരു ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു.
രാത്രികാലങ്ങളില് പല സ്ഥലങ്ങളിലുള്ള യുവാക്കള് കൂട്ടം കൂടി വീടിനു മുന്നില് നില്ക്കുന്നത് കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്ന് സിഐയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ ഇഎം ബൈപാസിനു സമീപമുള്ള ആഡംബര ഹോട്ടലിലെ നിശാക്ലബ്ബിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുഹമ്മദ് റാഫി അസിം എന്ന യുവാവാണ് അറസ്റ്റിലായത്. ബെനിപുകൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ വസതിയിൽ നിന്നാണ് മുഹമ്മദ് റാഫി അസിമിനെ അറസ്റ്റ് ചെയ്തത്.
പ്രഗതി മൈതാൻ പൊലിസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പരാതിയിൽ, സുഹൃത്തുക്കൾക്കൊപ്പമാണ് താൻ നിശാക്ലബ്ബിൽ പോയതെന്നും പുലർച്ചെ രണ്ടോടെ പ്രതിയും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് തങ്ങളുടെ വഴി തടസപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
പ്രതി തന്നോട് അശ്ലീലവും അപമാനകരമായതുമായ ഭാഷയിൽ സംസാരിച്ചുവെന്നും തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
Kerala
പത്തനംതിട്ട: എംസി റോഡിൽ പന്തളം പാട്ടുപുരക്കാവ് ജംഗ്ഷനിൽ മിനിബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന കൊട്ടാരക്കര കുളക്കട സ്വദേശി പ്രണവ് (23) ആണ് മരിച്ചത്
ശനിയാഴ്ച രാത്രി 12.30 നാണ് അപകടമുണ്ടായത്. അടൂർ ഭാഗത്തേയ്ക്ക് പോയ കാറും എതിർ ദിശയിൽ വന്ന മിനി ബസും തമ്മിൽ കൂട്ടി ഇടിയ്ക്കുകയായിരുന്നു. കിളിമാനൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്നു ബസ്.
കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാറിൽ പ്രണവിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു ഇവരെ ഗുരുതരപരിക്കുകളോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ബസിൽ ഉണ്ടായിരുന്നവരും ചികിത്സ തേടി. പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Kerala
ആലപ്പുഴ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തോസ്ഥാന കോളനി സ്വദേശി എഡിസൺ ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിന്റെ പരിസരത്തുനിന്നാണ് അരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ലഹരിമരുന്ന് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അരൂർ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്എച്ച്ഒ അബീഷ്, എസ്ഐ സാജൻ, സീനിയർ സിപിഒമാരായ ശ്രീജിത്ത്, ബിജോയ്, റിക്ഷോഭ്, സിപിഒമാരായ കിരൺ, ജിതിൻ, നിത്യ, ഷാൻ, പ്രശാന്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
International
പാരീസ്: പാരീസിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയമായ ‘സ്റ്റാഡ് ദെ ഫ്രാൻസി’ൽ വെള്ളിയാഴ്ച രാത്രി നടന്ന പ്രാർഥനാസംഗമത്തിൽ ഒരു ലക്ഷത്തോളം കത്തോലിക്ക യുവതീ-യുവാക്കളാണു പങ്കെടുത്തത്.
സംഗീതവും ആത്മീയപ്രഭയും നിറഞ്ഞ ചടങ്ങിൽ, തിന്മകളെ ഉപേക്ഷിച്ച് നന്മയുടെയും സ്നേഹത്തിന്റെയും പാത തെരഞ്ഞെടുക്കാൻ മാർപാപ്പ യുവതയോട് ആഹ്വാനം ചെയ്തു.
പ്രാർഥനാഗാനങ്ങൾ ആലപിച്ചും വിശുദ്ധരുടെ തിരുശേഷിപ്പുകളോടും പാരീസിൽ നൂറ്റാണ്ടു കളായി വണങ്ങിപ്പോരുന്ന ഈശോമിശിഹായുടെ വിശുദ്ധ വസ്ത്രത്തോടും (ട്യൂണിക്കാ ക്രിസ്തി) ഭക്തിയോടെ പ്രണാമമർപ്പിച്ചുമുള്ള ഒന്നര മണിക്കൂറോളം നീണ്ട പ്രാർഥനാചടങ്ങുകൾ പാരീസ് നഗരത്തെ ഭക്തിദീപ്തിയിലാക്കി.
ഒരു റോക്ക് സ്റ്റാറിനെയെന്നപോലെ യുവാക്കൾ മാർപാപ്പയെ ഹർഷാരവത്തോടെ സ്വീകരിച്ചു. റോക്ക് സംഗീത പരിപാടികളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ആവേശമാണു സ്റ്റേഡിയത്തിൽ ദൃശ്യമായത്.
മാർപാപ്പയുടെ വരവിനുപിന്നാലെ ഫ്രഞ്ച് വിശുദ്ധരെയും ഫ്രാൻസിലെ സഭയുടെ ചരിത്രത്തെയും ആവിഷ്കരിക്കുന്ന കലാപരിപാടികളും കുതിരകളെ അണിനിരത്തിയുള്ള ദൃശ്യാവിഷ്കാരവും അതിമനോഹരമായ വെടിക്കെട്ടും അരങ്ങേറി.
Kerala
കൊഴിക്കോട്: വടകരയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ലോകനാർകാവ് സ്വദേശി മാരാത്ത് ആയുഷ് ദേവ് (22) ആണ് മരിച്ചത്.
സ്കൂട്ടറിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ലോകനാർകാവ് സ്വദേശി ആദിത്യൻ (22), നാദാപുരം റോഡ് സ്വദേശി ഘനശ്യാം എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് ചെങ്കൽ കയറ്റാൻ പോകുകയായിരുന്ന ലോറിയാണ് സ്കൂട്ടറിൽ ഇടിച്ചത്.
Kerala
തിരുവന്തപുരം: എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ ബിപിൻ ബാബു (26) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ഓട്ടോറിക്ഷയിലെ യാത്രക്കാരനായിരുന്നു ബിപിൻ ബാബു. രാവിലെ ഒൻപതോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ വണ്ടന്നൂർ സ്വദേശി ശ്രീജിത്തിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ ചികിത്സയിലിരിക്കെ ബിപിൻ ബാബുവിന്റെ നില ഗുരുതരമായി. വൈകുന്നേരമാണ് മരണം സംഭവിച്ചത്. സംഭവത്തിൽ കിളിമാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 30നായിരുന്നു ബിപിന്റെ വിവാഹം. സുറുമിയാണ് ഭാര്യ.
Kerala
പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ പെരുനാട് എസ്എച്ച്ഒ സബ് ഇൻസ്പെക്ടർ മിഥുൻ അശോകിനെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്.
പ്രതി എസ്ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്ന് പൊലിസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ പ്രതി അതുവഴി സ്കൂട്ടറിൽ എത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ച് എത്തിയതെന്ന് വ്യക്തമായതോടെ പൊലിസ് സംഘം വാഹനം പരിശോധിച്ചു. അതിനിടെ പ്രകോപിതനായ പ്രതി എസ്ഐയുടെ മൂക്കിന് ഇടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
പെരുനാട് പൊലിസ് സ്റ്റേഷനിൽ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പെരുനാട് സർക്കിൾ ഇൻസ്പെക്ടർ ആർ. സുരേഷ് കുമാർ , എസ്ഐ മാരായ മിഥുൻ അശോക് , സണ്ണി എഎസ്ഐ അഭിലാഷ് , എസ്സ്പിഒ മാരായ ലാൽ , സുമേഷ് , സിപിഒ മാരായ വിജേഷ് , അരവിന്ദാക്ഷൻ , നിധീഷ് , അക്ഷയ് , സേതു കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ഇരുമ്പനം ജംഗ്ഷനില് ബൈക്കുകള് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചോറ്റാനിക്കര സ്വദേശി രാഹുല് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി എട്ടേ മുക്കാലോടെ ആയിരുന്ന സംഭവം. സീപോര്ട്ട് എയര്പോര്ട്ട് റോഡിലെ ക്ഷേത്രത്തിന് മുന്നില് വച്ചായിരുന്നു അപകടം.
കാക്കനാട് നിന്നു വന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന രാഹുല് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയില് ചികിത്സയിലാണ്. അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
Kerala
കൊച്ചി: വിനോദയാത്രക്കിടെ മണാലിയില് ഉണ്ടായ ബൈക്ക് അപകടത്തില് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഐരാപുരം ചീനിക്കുഴി കണ്ടനാടന് സബിന് മാത്യു കുര്യന് (33) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ അക്ഷര ജോസ് (28) ഗുരുതര പരിക്കുകളോടെ ഹിമാചലിലെ ആശുപത്രിയില് ചികിത്സയിലാണ്. അക്ഷരയെ എയര് ലിഫ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാന് ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ മാസം 12ന് ആയിരുന്നു ഇരുവരും മണാലിയിലേക്ക് വിനോദയാത്ര പോയത്. മണാലിയില് നിന്നും വാടകയ്ക്ക് എടുത്ത ബൈക്കില് കുളുവിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
വിവരമറിഞ്ഞ് കെ.സി. വേണുഗോപാല് എംപി ഹിമാചല്പ്രദേശ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. അപകടത്തില് മരിച്ച സബിന് തൃപ്പൂണിത്തുറ റെയില്വേ സ്റ്റേഷന് ഉദ്യോഗസ്ഥനാണ്.
ഭാര്യ അക്ഷര യുകെയില് നഴ്സാണ്. സബിന്റെ മൃതദേഹം നിലവില് കോലഞ്ചേരി മെഡിക്കല് മിഷന് ആശുപത്രിയിലാണ്. അക്ഷരയെ എത്തിച്ചതിന് ശേഷം സംസ്കാരം നടക്കും.
Kerala
തിരുവനന്തപുരം: വിളപ്പിൽശാലയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശിയായ ആരോമൽ (21) ആണ് അറസ്റ്റിലായയത്. എക്സൈസാണ് ആരോമലിനെ പിടികൂടിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആരോമലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്ന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ.എസ്. രഞ്ജിത്, കെ. അജയൻ, എം. വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.വി. വിനോദ്, ആരോമൽ രാജൻ, അക്ഷയ് അനിൽ ശ്രീ, ഗോകുൽ, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത മോഹൻ, ആര്യകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രതിക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു.
National
ന്യൂഡൽഹി: വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറുകൾ രാജ്യത്തെ യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ തുറന്നുനൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
40ഓളം രാജ്യങ്ങളുമായി ഒപ്പുവച്ച ഈ കരാറുകൾ അഭൂതപൂർവമായ കരിയർ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്നും ആഭ്യന്തര സംരംഭകർക്കായി പുതിയ വിപണികളും പങ്കാളിത്തങ്ങളും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ തൊഴിൽ മേളയായ ‘റോസ്ഗാർ മേള’ യുടെ 20-ാം പതിപ്പ് വെർച്വലായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ യുവത്വത്തിന്റെ കഴിവും നൈപുണ്യവും ആഗോളതലത്തിൽ വലിയ വിശ്വാസ്യത നേടിയെടുത്തിട്ടുണ്ടെന്നും രാജ്യത്തെ യുവാക്കളിലും സംരംഭകരിലും വലിയ പ്രതീക്ഷകളാണു ലോകം വച്ചുപുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ, വിവിധ സർക്കാർ വകുപ്പുകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 51,000ത്തിലധികം യുവാക്കൾക്കുള്ള നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വെർച്വലായി കൈമാറി.
Health
ശരീരത്തിന്റെ ശേഷി, ഉൗർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.
പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം.
അതോടൊപ്പം നീർക്കെട്ട് പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയും കൂടിയാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കും. പ ുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത
ഇല്ലാതാകും.
ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം. എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.
കിടക്കുമ്പോൾ
* നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.
എണ്ണ പുരട്ടാം
* നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ് കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക. ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
വ്യായാമം ചെയ്യുമ്പോൾ...
*വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.
ആയാസകരമായ ജോലി ചെയ്യുമ്പോൾ
* ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇരുന്നു ജോലി ചെയ്യുന്നവർ
* ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.
വെയിൽ കൊള്ളണം
* ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.
എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...
* സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ് എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.
പുൽത്തൈലം
* വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം
* ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാൻ ഉപയോഗിക്കുന്നതാണു നല്ലത്.
* നന്നായി ഉറങ്ങുക. ധാരാളം പാട്ടു കേൾക്കുക. തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Kerala
മലപ്പുറം: നിലമ്പൂർ പൊലിസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി. കാട്ടുമുണ്ട കുന്നുപുറം സ്വദേശി കാഞ്ഞിരാല ഹർഷിദിനാണ് മർദനമേറ്റത്. മർദനത്തിൽ പല്ല് ഇളകിയെന്നും കൈക്ക് ചതവുണ്ടായെന്നു ഹർഷിദ് ആരോപിച്ചു.
നിലമ്പൂർ സ്റ്റേഷനിലെ സിപിഒ ഷഫീഖിനെതിരെയാണ് പരാതി. എന്നാൽ ഹർഷിദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പൊലിസ് പറയുന്നത്. ഹർഷിദിനെതിരെയും ഹർഷിദിന്റെ പരാതിയിലും വെവ്വേറെ കേസുകൾ എടുത്തു.
നേരത്തെ ആശുപത്രി ആക്രമിച്ചത് അടക്കം മറ്റു കേസുകളിലും ഹർഷിദ് പ്രതിയാണ്.
Kerala
കോട്ടയം: മണിമല കുറിക്കാട്ടൂരിലെ യുവാവിന്റ മരണം കൊലപാതകമാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ പഞ്ചായത്ത് മെമ്പർ അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു.
മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബു ആണ് കൊല്ലപ്പെട്ടത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബുധനാഴ്ചയാണ് ഷിബുവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച പഞ്ചായത്ത് അംഗം ജോജിയുടെ നേതൃത്വത്തിലെ സംഘം ഷിബുവിനെയും സുഹൃത്തിനെയും മർദിച്ചു. മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ജോജിയുടെ രോഗിയായ അമ്മയെ മരിച്ച ഷിബുവും സുഹൃത്തും ചേർന്ന് ആക്രമിച്ചതിനായിരുന്നു മർദനമെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം തുടങ്ങി.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രോഗ്രാമുകളും തൊഴിൽ വിപണി ആവശ്യപ്പെടുന്ന നൈപുണ്യവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
ഈ അന്തരം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും ആദ്യമായി യോജിച്ചു പ്രവർത്തിക്കുകയാണ്.
ആഗോള തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ മനസിലാക്കി പുതിയ അക്കാദമിക് കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അവസരമൊരുക്കും.
പുതുക്കിയ കരിക്കുലം, അന്താരാഷ്ട്ര അടിസ്ഥാന സൗകര്യം എന്നിവ ഒരുക്കി കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി തിരുവനന്തപുരത്ത് ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം; സർക്കാരിന്റെ വിഷൻ -2031 പദ്ധതിയുടെ ഭാഗമായി സർക്കാർ/കേന്ദ്ര സർക്കാർ സർവീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പുതുതായി അഞ്ച് യുവജന പരിശീലന കേന്ദ്രങ്ങൾ കൂടെ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശേരി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ അടുത്തയാഴ്ചയോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ 100 ദിന കര്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇത് കൂടാതെ സംസ്ഥാനത്ത് പുതിയതായി 13 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിച്ചു വരികയാണ്.
ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുകയും ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. നസീർ, ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.
Kerala
കൊച്ചി: ആലുവ റെയില്വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്ണവും പണവും കവര്ന്ന സംഭവത്തില് മുഖ്യപ്രതി പിടിയില്. പെരുമ്പാവൂര് സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന് ജിജുവില് (27) നിന്നും മൂന്നര പവന് സ്വര്ണം കവര്ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്വെ സ്റ്റേഷനിലേക്ക് ഗൂഗിള് മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില് കയറുന്നതിനായി റെയില്വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
അക്രമികള് ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന് ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില് കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.
ക്രൂരമായ ആക്രമണത്തില് ജോഫിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില് എത്തിച്ചത്. ആശുപത്രിയില് ചികിത്സയില് കഴിയുന്ന ജോഫിന്റെ നില ഗുരുതരമായി തുടരുകയാണ്.
International
ന്യൂയോർക്ക്: മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിംഗ് സിറ്റി റെയിൽവേ സ്റ്റേഷനിൽ സബ്വേ ട്രാക്കിലിരുന്ന രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മലൈക ചിത്ര (24), നവം കൗൾ (24) എന്നിവരാണ് മരിച്ചത്.
പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇരുവരെയും സബ്വേ ട്രെയിൻ ഇടിക്കുകയായിരുന്നു. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടകരമായ രീതിയിൽ ഇവർ എന്തിനാണ് റെയിൽവേ ട്രാക്കിൽ ഇരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ സബ്വേ ഗതാഗതം ഏറെ നേരം തടസപ്പെടുകയും ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
Kerala
ഇടുക്കി: കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് അറസ്റ്റിലായത്.
വിൽപനയ്ക്കായാണ് ഇയാൾ കഞ്ചാവുമായി കട്ടപ്പനയിൽ എത്തിയതെന്നാണ് വിവരം. കട്ടപ്പന എസ്ഐ എബി ജോർജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പേരിൽ ഒട്ടേറെ ക്രിമിനൽ കേസുകളും ഉള്ളതിനാൽ ഗുണ്ടാ പട്ടികയിൽ പെടുത്താനുള്ള നീക്കവും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട് വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.
വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ വ്യായാമം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോയി. ഇതോടെ മഹേഷ് ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
Kerala
കൊച്ചി: കൊച്ചിയില് വന് രാസലഹരി വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ ഷിഫാസ് (28) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളില് നിന്നും 2.90 ലക്ഷം രൂപയും പിടിച്ചെടുത്തു.
ഒരാഴ്ചയ്ക്കിടെയുള്ള ലഹരി വില്പനയിലൂടെ സമ്പാദിച്ചതാണ് ഈ പണം. രാത്രി നടത്തിയ പരിശോധനയിലാണ് ഷിഫാസ് എക്സൈസിന്റെ വലയിലായത്.
രണ്ടാഴ്ച മുമ്പ് ചെറിയ അളവില് രണ്ടു പേരില് നിന്നും മെത്താഫിറ്റമിന് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിഫാസിലേക്ക് എത്തിയത്. ഇയാള് എവിടെ നിന്നാണ് ലഹരി വാങ്ങുന്നത്, എങ്ങനെയാണ് വില്പന എന്നത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
Kerala
കൊച്ചി: ആലുവ കുട്ടമശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ കുട്ടമശേരി സ്വദേശി അഫ്സലിനെ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗൺ പൊലിസ് പറഞ്ഞു.
Kerala
ആലുവ: പെണ്സുഹൃത്തിനൊപ്പം പെരിയാറില് നീന്തുന്നതിനിടെ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്ക്ക് വിട്ടു നല്കും. പാലക്കാട് ചെര്പ്പുളശേരി സ്വദേശി അല്ത്താഫ് ഹുസൈന് (24) ആണ് മരിച്ചത്. അല്ത്താഫും പെണ്സുഹൃത്തും ഇന്നലെ സന്ധ്യയ്ക്കാണ് ആലുവ ദേശം കടവില് കുളിക്കാനിറങ്ങിയത്.
മലേഷ്യയില് ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തിയപ്പോള് തൃക്കാക്കരയില് ഹോസ്റ്റലില് കഴിയുന്ന പെണ്സുഹൃത്തുമായി ബൈക്കില് വിവിധയിടങ്ങള് കാണാനെത്തിയതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ ആലുവ ദേശം കടവില് കുളിക്കാനിറങ്ങിയത്.
അല്ത്താഫാണ് ആദ്യം ചുഴിഭാഗത്തേക്ക് അറിയാതെ നീങ്ങിയത്. പിന്നാലെ പെണ്കുട്ടിയും പിന്തുടര്ന്നു. വെള്ളത്തില് താഴ്ന്ന പെണ്കുട്ടിയെ പുഴയിലുണ്ടായിരുന്ന മറ്റൊരു യുവാവ് രക്ഷിച്ച് കരയ്ക്ക് കയറ്റിയപ്പോഴാണ് തന്റെ കൂടെ സുഹൃത്ത് കൂടിയുണ്ടെന്ന് പെണ്കുട്ടി പറയുന്നത്. എന്നാല് അല്ത്താഫ് ഒഴുക്കില് പെട്ടുപോയിരുന്നു.
തുടര്ന്ന് ഫയര്ഫോഴ്സിന് വിവരം നല്കി. ഇവര് ഒളിയന്നൂര്-കുഞ്ഞുണ്ണിക്കര സ്കൂബാ ടീമിനെ വിളിച്ചു വരുത്തി രാത്രിയോടെ മൃതദേഹം മുങ്ങിയെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരും സോഷ്യല് മീഡിയ വഴി സൗഹൃദത്തിലായവരാണ്.
Kerala
കൊച്ചി: മൂന്നു ഗ്രാം കഞ്ചാവുമായി യുവാവിനെ മുളവുകാട് പൊലിസ് പിടികൂടി. മുളവുകാട് കൊച്ചുപറമ്പില് ഷോണ് (24) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം പട്രോളിംഗ് ജീപ്പ് കണ്ട് ഓടിയ ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. കേസ് എടുത്ത ശേഷം ജാമ്യത്തില് വിട്ടയച്ചു.
Kerala
കൊച്ചി: മരോട്ടിച്ചുവട് കെന്നടിമുക്കില് ബൈക്ക് മോഷണം പോയി. രണ്ടു യുവാക്കള് ചേര്ന്നാണ് ബൈക്ക് മോഷ്ടിച്ചത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി കാര്ത്തിക്കിന്റെ വാഹനമാണ് മോഷണം പോയത്. ഒരു സ്ഥാപനത്തിന് മുന്നില് വാഹനം പാര്ക്ക് ചെയ്ത് സുഹൃത്തുക്കള്ക്കൊപ്പം പോയി തിരികെയെത്തിയപ്പോള് വാഹനം കാണാതാവുകയായിരുന്നു.
കാര്ത്തിക്കും സുഹൃത്തുക്കളും സിസിടിവി ദൃശ്യങ്ങള് ശേഖരിച്ച് പരാതി നല്കുകയായിരുന്നു. തൃക്കാക്കര പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ബൈക്ക് മോഷണം കൊച്ചിയില് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലും ബൈക്ക് മോഷണം പോയിരുന്നു.
Kerala
മലപ്പുറം: വണ്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക പ്രജീഷ് (31) ആണ് മരിച്ചത്.
സംസ്ഥാനപാതയിൽ വണ്ടൂരിനും ചെറുകോടിനും ഇടയിലെ താടി വളവിൽ ആണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്.
മങ്ങാട്ടുതൊടിക പ്രഭാകരന്റെ മകനാണ് പ്രജീഷ്. ഗുരുവായൂരിലെ ബാറിൽ ജീവനക്കാരനാണ്. അവിടെനിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
Kerala
തിരുവനന്തപുരം: 13 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിയെ കേന്ദ്രീകരിച്ച് പൂജപ്പുര പൊലിസ് അന്വേഷണം വ്യാപകമാക്കി. വലിയതുറ സ്വദേശി സരുണ് (38) ആണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളില് നിന്ന് എട്ടു ഗ്രാം വൈറ്റ് എംഡിഎംഎയും അഞ്ച് ഗ്രാം ഗോള്ഡ് എംഡിഎംഎയും പിടികൂടിയിരുന്നു.
വലിയൊരളവ് മയക്കുമരുന്ന് പ്രതിയില് നിന്നു പിടികൂടിയതോടെ സരുണിന്റെ കൂട്ടാളികള്ക്കായി അന്വേഷണം പൊലിസ് വ്യാപിപ്പിക്കുകയായിരുന്നു. സരുണ് പിടിയിലായതിനു പിന്നാലെ വലിയതുറ ഭാഗത്ത് അന്വേഷണത്തിലായിരുന്ന രണ്ടു ഡാന്സാഫ് പൊലിസുകാരായ വിനീത്, റോജിന് എന്നിവരെ കാറിടിച്ചു കൊലപ്പെടുത്താന് ശ്രമമുണ്ടായിരുന്നു.
ഇവരില് ഒരാള് ഫോര്ട്ട് ആശുപത്രിയിലും മറ്റൊരാള് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലും ഇപ്പോഴും ചികിത്സയിലാണ്. സരുണ് പിടിയിലായി മിനിറ്റുകള്ക്കുള്ളിലായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട് വലിയതുറ സ്വദേശി ടോമി ഫെര്ണാണ്ടസിനെ (35) വലിയതുറ പൊലിസ് അറസ്റ്റുചെയ്യുകയുണ്ടായി. സരുണിന്റെ കൂട്ടാളിയാണ് ടോമി എന്ന് സൂചനയുണ്ട്.
ഇതരസംസ്ഥാനത്തുനിന്ന് എംഡിഎംഎ എത്തിച്ചശേഷം മുടവന്മുകള് ഭാഗത്തുവച്ച് ചില്ലറ വിതരണം നടത്താന് ശ്രമിക്കുന്നതിനിടെയാണ് സരുണ് ഡാന്സാഫ് സംഘത്തിന്റെ പിടിയിലാകുന്നത്. തുടര്ന്നാണ് ഇയാളുടെ കൂട്ടുപ്രതികള് വലിയതുറ ഭാഗത്ത് ഉള്ളതായി രഹസ്യവിവരം ലഭിക്കുന്നത്.
സരുണ് ഉള്പ്പെട്ട അഞ്ചംഗസംഘമാണ് എംഡിഎംഎ കടത്തിനും കച്ചവടത്തിനും പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും മൂന്നുപേര് പിടിയിലാകാനുണ്ടെന്നാണ് വിവരം. രഹസ്യസങ്കേതത്തില് എംഡിഎംഎ സൂക്ഷിച്ചശേഷം ഇടനിലക്കാര് വില്പ്പന നടത്തുകയാണ് രീതി.
വ്യാഴാഴ്ച ഡാന്സാഫ് സംഘം വലിയതുറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. അതിനിടെ കുപ്രസിദ്ധ ഗുണ്ടയായ നവീന് സുരേഷ് കഴിഞ്ഞദിവസം വലിയതുറയിലെ ഒരു വീട് അടിച്ചുതകര്ക്കുകയുണ്ടായി. സരുണിന്റെ എംഡിഎംഎ കച്ചവടം ചോര്ത്തി നല്കിയത് ഈ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെയും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.
റിമാന്ഡില് കഴിയുന്ന സരുണ്, ടോമി ഫെര്ണാണ്ടസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല് മാത്രമേ ലഹരിസംഘത്തിന്റെ ചുരുളഴിക്കാന് സാധിക്കുകയുള്ളൂ.
Kerala
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്ടി വട്ടംചാടി നിയന്ത്രണം വിട്ടബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച മൂന്നംഗസംഘത്തിലെ ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. ആലപ്പുഴ മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറെവീട്ടിൽ റിൻഷാദ് (20) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.
മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷിജാസ് (19) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 3.21ന് ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന് തെക്കുവശം ഗോൾഡൻ ചിപ്സ് കടയ്ക്കു മുന്നിലായിരുന്നു അപകടം. മോഷ്ടിച്ച ബൈക്കുമായെത്തിയ മൂവർ സംഘം അമിതവേഗതയിൽ തെറ്റായ ദിശയിലൂടെയാണ് ബൈക്ക് ഓടിച്ചുവന്നത്. എതിരേ വന്ന റിജോ ജോൺസണും സുഹൃത്ത് അക്ഷയ് വിൻസന്റും സഞ്ചരിച്ച ബൈക്കിലാണ് ഇവരുടെ ബൈക്കിടിച്ചത്.
അപകടത്തിൽ റിജോയുടെ ഇടതുകാലിനും കൈയ്ക്കും അക്ഷയുടെ ഇരുകൈകൾക്കും ഇടതുകാലിനും പരിക്കേറ്റു. ഇരുവരും നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. മണ്ണഞ്ചേരി അമ്പനാകുളങ്ങര എച്ചിക്കുഴി കായിച്ചിറ കെ.ബി. പ്രമോദിന്റെ വീട്ടിൽനിന്ന് പൂട്ട് തകർത്താണ് സംഘം ബൈക്ക് കടത്തിയത്. കോട്ടയം നാട്ടകം ഗവ. കോളജിൽ ലൈബ്രറി അസിസ്റ്റന്റായ പ്രമോദ് ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ വീട്ടിലെത്തി ബൈക്ക് പൂട്ടിയിട്ടിരുന്നു.
രാത്രി 10 വരെ ബൈക്ക് വീട്ടുമുറ്റത്തുണ്ടായിരുന്നതായി പ്രമോദ് പറഞ്ഞു. പുലർച്ചെ നാലോടെ നോർത്ത് പൊലിസ് ആർസി ഉടമയെ കണ്ടെത്തി വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്. തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി. അപകടത്തിൽ റോഡിൽ തലയടിച്ചുവീണ സബീലും റിൻഷാദും തത്ക്ഷണം മരിച്ചു. നാട്ടുകാരാണ് ഷിജാസിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
Kerala
കൊച്ചി: ബൈക്കുകള് തമ്മിലിടിച്ച് നടന്ന അപകടത്തില് യുവാവ് മരിച്ചു. എടവനക്കാട് അണിയല് ഐക്കര മഠം ബാലകൃഷ്ണന്റെ മകന് വിഷ്ണു (32) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്ച്ചെ 12ഓടെ നായരമ്പലം വെളിയത്ത്പറമ്പ് പെട്രോള് പമ്പിനു സമീപമായിരുന്നു അപകടം.
വിഷ്ണു ഓടിച്ചിരുന്ന ബൈക്കില് എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി എറണാകുളം ജനറല് ആശുപത്രിയിലേക്ക് മാറ്റി.
National
അഗർത്തല: ത്രിപുരയിൽ പശുമോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജലീൽ റഹ്മാൻ (45) ആണ് കൊല്ലപ്പെട്ടത്.
അഗർത്തല ജില്ലയിലെ ഗിലാടാലി സ്വദേശിയായ റഹ്മാൻ വിലകൊടുത്ത് വാങ്ങിയ രണ്ടു പശുക്കളുമായി വീട്ടിലേക്കു പോകവേ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.45നായിരുന്നു സംഭവം. പൊലിസെത്തി റഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Kerala
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി.
മലപ്പുറം പൊന്നാനി സ്വദേശിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളും മൂന്ന് മക്കളും അടങ്ങുന്ന സംഘം കരിപ്പൂരിൽ എത്തിച്ചേർന്നത്.
യാത്രക്കാരൻ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെത്തിയത്.
Kerala
കാസർഗോഡ്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി ഹൗസിലെ എ.വി. അജ്മലാണ് (21) മരിച്ചത്.
തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെ മൃതദഹേം കരക്കെത്തിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് അജ്മൽ ഒഴുക്കിൽപ്പെട്ടത്. ഫിഷറീസിന്റെയും തീരദേശ പൊലിസിന്റെയും രക്ഷാബോട്ടുകൾ ഉടൻ തിരച്ചിലിനിറങ്ങിയിരുന്നു. മൂന്ന് ദിവസം തെരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കൊച്ചി: ആലുവയില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തടിക്കടവ് പാലത്തിന് സമീപം നടത്തിയ പരിശോധനയില് മാഞ്ഞാലിക്കടവില് നിന്നാണ് മൃതദേഹം കിട്ടിയത്. കൊച്ചിന് പോര്ട്ടിലെ കരാര് ജീവനക്കാരനായ വൈശാഖിനെ (41) കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്.
പോലീസ് അന്വേഷണം നടത്തുന്നതിനിടെ തടിക്കക്കടവ് പാലത്തിന് സമീപത്തു നിന്നും യുവാവിന്റെ വാഹനം കണ്ടെത്തിയിരുന്നു. തുടര്ന്ന് പുഴയിലും തെരച്ചില് നടത്തി. ആലുവ വെളിയത്തു നാട് പെരിയാര് റിവ്യൂ എന്ന ഫ്ളാറ്റിലാണ് വൈശാഖ് താമസിച്ചിരുന്നത്.
കൊച്ചിന് പോര്ട്ടിലെ കരാര് ജീവനക്കാരനായ വൈശാഖിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരങ്ങള്. ഭാര്യ റിസര്വ് ബാങ്ക് ജീവനക്കാരിയാണ്.
Kerala
കൊച്ചി: പെരിയാറില് കാണാതായ മാള സ്വദേശിയായ വിദ്യാര്ഥിയുടെ മൃതദേഹം മൂന്നാം ദിനം നടത്തിയ തെരച്ചിലില് കണ്ടെത്തി. മാള കൊച്ചുകടവ് സ്വദേശി അഫ്സല് അന്സാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആലുവ മഹിളാലയം പാലത്തിന് സമീപം 23ന് ഇയാളുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയതോടെയാണ് തെരച്ചില് ആരംഭിച്ചത്. ആദ്യ ദിനം യുവാവിനെ കണ്ടെത്താനായിരുന്നില്ല.
എന്നാല് രണ്ടാം ദിവസത്തെ തെരച്ചിലില് അങ്കമാലിയില് നിന്നും കാണാതായ മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. വേങ്ങൂര് കുന്നുവെട്ടിയില് ഗോപാലന്റെ മകന് ശ്രീജിത്തിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്.
അങ്കമാലിയിലെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ശ്രീജിത്ത് പെരിയാറിലേക്ക് ചാടിയ വിവരം ആരും അറിഞ്ഞിരുന്നില്ല. കാണാതായതായി പോലീസില് പരാതി നല്കിയിരുന്നു. തുടര്ന്ന് തിരുവോണ ദിവസം നടത്തിയ തെരച്ചിലിലാണ് അഫ്സലിന്റെ മൃതദേഹം ലഭിച്ചത്.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ജയ്പുരിലെ വിദ്യാധർ നഗർ മേഖലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ മൂത്ത സഹോദരനും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഷാക്കിർ (22) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാക്കിർ ചികിത്സയിലിരിക്കെ സവായ് മാൻ സിംഗി ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. സഹോദരൻ ഖയ്യൂമിനും (38) കുത്തേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ഒരു ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ ഷാക്കിറും സഹോദരനും ഒരു കൂട്ടം യുവാക്കളുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേയ്ക്ക് നീളുകളും ചെയ്തിരുന്നു.
തർക്കം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി മന്ദിർ മോഡിന് സമീപം ഇരു വിഭാഗങ്ങളും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചയ്ക്കിടെ സ്ഥിതിഗതികൾ വഷളാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭട്ട ബസ്തിയിലെ ചില യുവാക്കളുമായി ഖയ്യൂമിന് നേരത്തെ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ആദ്യം ഖയ്യൂം ഒറ്റയ്ക്കാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇളയ സഹോദരൻ ഷാക്കിറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇവർ കത്തികൾ പുറത്തെടുത്ത് ആദ്യം ഷാക്കിറിന്റെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് ഖയ്യൂമിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഷാക്കിറിനെ എസ്എംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചില യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.
Kerala
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഡൽഹി ഉത്തംനഗറിൽ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്.
മഴയത്ത് ഒടിഞ്ഞ് വീണ മരക്കൊമ്പിൽ തട്ടിയാണ് ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് ജ്യോതിഷ് മരണപ്പെടുന്നത്.
സിപിഐ ആസ്ഥാനമായ അജയ് ഭവനിൽ കാന്റീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ് മരണപ്പെട്ട ജ്യോതിഷ്. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഭാര്യ.
Kerala
തലശേരി: ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു. ഇല്ലത്ത് താഴയിലെ സുജേഷിനാണ് വെട്ടേറ്റത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് സൂചന.
പരിക്കേറ്റ സുജേഷിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: രണ്ട് ഗ്രാം കഞ്ചാവുമായി 18കാരന് പിടിയില്. പറവൂര് കാഞ്ഞിരപ്പറമ്പില് അഭിനവ് ആണ് പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലര്ച്ചെ ചെറായി ഭാഗത്ത് വച്ച് മുനമ്പം പോലിസ് ആണ് കസ്റ്റഡിയിലെടുത്തത്. കേസ് എടുത്ത ശേഷം ജാമ്യത്തില് വിട്ടയച്ചു
Kerala
കൊച്ചി: ഉത്തര് പ്രദേശിലെ കാണ്പൂരിലുള്ള രുദ്ര ഷയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഷെയര് നല്കാമെന്ന് പറഞ്ഞ് ഓണ്ലൈന് തട്ടിപ്പ് സംഘം അയ്യമ്പിള്ളി മനപ്പിള്ളി സ്വദേശിയായ യുവാവില് നിന്നും 7.85 ലക്ഷം കവര്ന്നതായി പരാതി.
2026 ജനുവരിയില് പല ദിവസങ്ങളിലായി യുവാവിന്റെ വിവിധ ബാങ്ക് അക്കൗണ്ടില് നിന്നും തട്ടിപ്പ് സംഘം പറയുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിട്ടുള്ളത്.
റുഡ് പ്രോ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ ബന്ധപ്പെട്ടതും പണം ട്രാന്സ്ഫര് ചെയ്തതും. എന്നാല് ഇതുവരെയായി ഷെയറുകള് ഒന്നും നല്കാതെ വന്നതോടെയാണ് യുവാവ് പോലീസില് പരാതി നല്കിയത്. മുനമ്പം പോലീസ് കേസ് രജിസ്റ്റര് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നിരോധിത പുകയില ഉല്പ്പന്നമായ 61 പാക്കറ്റ് ഹാന്സുമായി യുവാവ് പിടിയില്. പള്ളുരുത്തി പെരുമ്പടപ്പ് കുഴിക്കണ്ടത്തില് നവാസ് ആണ് ഞാറക്കല് പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെ കാള മുക്കില് വച്ചാണ് നവാസ് പിടിയിലായത്. ഇയാള് സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ജാമ്യത്തില് വിട്ടയച്ചു.
District News
കോഴിക്കോട്: ടൗണ് പോലീസ് സ്റ്റേഷൻ പരിധിയില് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്. പരപ്പില് തലനാര് തൊടുകയിൽ സ്വദേശി ഷഫീഖ് നിവാസില് അര്ഫാ (24 ) നെയാണ് ടൗണ് പോലീസ് പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറയില് നിന്നും ഗുജറാത്തി സ്ട്രീറ്റിലേക്ക് പോകുന്ന റോഡരികില് നിര്ത്തിയിട്ടിരുന്ന നടക്കാവ് സ്വദേശിയായ ഷാജഹാന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടര് പ്രതി മോഷ്ടിക്കുകയായിരുന്നു.\
യുവാവിന്റെ പരാതിയില് ടൗണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരേ ഇരുപതോളം കേസുകള് വിവിധ സ്റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒ.എം.ആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം സുധീറിനെ ആക്രമിച്ചത്.
തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുതുകിൽ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. പരിക്കേറ്റ സുധീറിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: മദ്യപിച്ചത് ചോദ്യംചെയ്തതിന് പിന്നാലെ യുവാവിന്റെ പരാക്രമം. എടവനക്കാട് പഴങ്ങാട് പുത്തന്കടപ്പുറം മുരിങ്ങാത്തറ സുരേഷിന്റെ (52) കണ്ണിന് പരിക്കേറ്റു. വീടിനടുത്തുള്ള കെട്ടിടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
എടവനക്കാട് പഴങ്ങാട് സ്വദേശി നികത്തിത്തറ സരുണ് ആണ് സുരേഷിനെ ആക്രമിച്ചത്. സുരേഷ് ഞാറക്കല് പോലീസില് നല്കിയ പരാതിയില് കേസ് എടുത്തു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചീരട്ടാമണ്ണ റോഡിലെ എബിസി അപ്പാർട്ട്മെന്റിലെ റൂമിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് പെരിന്തൽമണ്ണ പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിൻഷാദ് എന്ന ഡുഡു (36) വിനെ എംഡിഎംഎ സഹിതം പിടികൂടിയത്.
യുവാവിൽ നിന്ന് അഞ്ച് ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു.
National
നാഗ്പുർ: യുവാക്കൾ രാജ്യത്തിന്റെ ശക്തിയാണെന്നും അവരെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ രാജ്യത്തിനു വലിയ നേട്ടമുണ്ടാകുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
എന്നാൽ യുവാക്കളെ ശരിയായി വഴിനടത്തിയില്ലെങ്കിൽ ഭാവിയിൽ അത് സമൂഹത്തിന് വലിയ ഭാരമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നാഗ്പുരിൽ ലോക്മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജെൻ സി’സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു ദിവസത്തിനിടെ രണ്ടാം തവണയാണ് മോഹൻ ഭാഗവത് യുവാക്കളുമായി നേരിട്ട് സംവദിക്കുന്നത്.
യുവാക്കൾക്ക് പ്രായമേറുമെന്ന കാര്യം ഓർമ വേണം. സ്വന്തം കാര്യം മാത്രം നോക്കാതെ ഭാവിതലമുറയുടെ ആവശ്യങ്ങളെയും കരുതലോടെ കാണണം. ലോകം ഭൗതികനേട്ടങ്ങൾക്കും പണത്തിനും പിന്നാലെ ഓടുമ്പോൾ, പണം ഉണ്ടാക്കൽ മാത്രമായി ഭാരതീയ കാഴ്ചപ്പാട് ചുരുങ്ങരുതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിൽ വിവിധ സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ നടന്ന പ്രതിഷേധമാർച്ചിനിടെ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്കു നേരേ മഷിയേറ്.
ഇടതുവിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ ജാർഖണ്ഡ് നിയമസഭയിലേക്കു നടത്തിയ മാർച്ച് ബിർസ ചൗക്കിന് സമീപമെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
National
ന്യൂഡൽഹി: യുവാക്കൾക്ക് മോഹൻ ഭാഗവതിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി. ജെൻ സി തലമുറയെ പിന്തുണച്ച് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനയെക്കുറിച്ച് പാർലമെന്റ് സമുച്ചയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ബിജെപിയും ആർഎസ്എസും ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നു കുറ്റപ്പെടുത്തി കോൺഗ്രസ് സഖ്യകക്ഷികളും മോഹൻ ഭാഗവതിനെതിരേ രംഗത്തുവന്നു.
മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ബിജെപി നേതാക്കളും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്വാഗതം ചെയ്തപ്പോൾ സംഘപരിവാറിന്റെ രണ്ട് വ്യത്യസ്ത മുഖം രാജ്യം കാണുകയാണെന്നാണ് എൻസിപി (എസ്പി) വക്താവായ മഹേഷ് തപാസെ പ്രതികരിച്ചത്.
എപ്പോഴൊക്കെ പ്രതിസന്ധിയിലാകുമ്പോഴും ബിജെപി ആർഎസ്എസിന്റെ സഹായം തേടുന്നുവെന്നായിരുന്നു സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് പറഞ്ഞത്.
Kerala
ഉള്ളൂർ: പോക്സോ കേസിൽ യുവാവിനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പാറ്റൂർ സ്വദേശി അമൽ (23) ആണ് അറസ്റ്റിലായത്. പാറ്റൂരിൽ താമസിക്കുന്ന 14 വയസുകാരിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പെൺകുട്ടിയുമായി പരിചയപ്പെട്ട അമൽ കുട്ടിയെ സ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ രക്ഷിതാക്കൾ പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പാറ്റൂരിലെ വീട്ടിൽനിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോലീസിന്റെ നിർദ്ദേശപ്രകാരം പെൺകുട്ടിയെ സുരക്ഷിത താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പേട്ട സിഐയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.
Kerala
തിരുവനന്തപുരം: റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ രണ്ടംഗസംഘം അക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.
യുവാക്കൾ യാത്രക്കാരെ അസഭ്യം വിളിച്ചത് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റി യുവാക്കൾ ബൈക്കിൽ സ്ഥലത്തുനിന്നും കടന്ന് കളഞ്ഞു.
ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
കണ്ണൂര്: കൂത്തുപറമ്പില് കാണാതായ യുവാവിനെ തോട്ടില് മരിച്ച നിലയില് കണ്ടെത്തി. കൈതേരിയിടത്തില് കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കാണാതായത്.
അതേസമയം, കണ്ണൂര് ജില്ലയില് മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്ന്ന് താഴ്ന്ന പ്രദേശങ്ങളില് നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പുലര്ച്ചെ പെയ്ത ശക്തമായ മഴയില് ശ്രീകണ്ഠപുരം ടൗണില് വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളമിറങ്ങി.
മാടായിയിലും പയ്യന്നൂരിലും വീട് തകര്ന്ന് ഏഴ് വയസുകാരനുള്പ്പെടെ രണ്ട് പേര്ക്ക് പരിക്കേറ്റു. മാടായി കുളവയല് റോഡിലെ വീട് പുലര്ച്ചെ കാറ്റില് തകര്ന്നു വീണാണ് ഏഴ് വയസുകാരന് പാര്ത്ഥിപിന് പരിക്കേറ്റത്.
NRI
ന്യൂജഴ്സി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ന്യൂജഴ്സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് നടത്തി.
ഈ വർഷത്തെ കോൺഫറൻസ് ജൂലെെ 25ന് യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ഒന്നാമൻ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ സമാപിച്ചു.
സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയിൽ എഴുന്നള്ളിവന്ന ശ്രേഷ്ഠ പിതാവിന് ന്യൂയോർക്കിലുള്ള പൊമോണയിൽ നടന്ന ബാങ്ക്വറ്റിൽ അതിവിപുലമായ സ്വീകരണമാണ് നൽകിയത്.
അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.
ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്ട് ശ്രേഷ്ഠ ബാവയേയും ഓറിയന്റൽ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് കടന്നുവന്ന പിതാക്കന്മാരേയും കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു കടന്നുവന്ന സഭാ പിതാക്കന്മാരേയും വൈദീകരേയും സന്നിഹിതരായിരുന്ന മറ്റേവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
Kerala
തൃശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചെമ്മണ്ണൂർ പാനപറമ്പ് മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (25) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ആറോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രമുഖ ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുകേഷെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മരടില് നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില് ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്ക്കമെന്ന് പോലീസ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ ഇന്ന് പുലര്ച്ചെയാണ് കൊച്ചി വെണ്ണയിലെ ഫ്ളാറ്റില് നിന്നും നാലര ഗ്രാം എംഡിഎംഎയുമായി ഡാന്സാഫ് സംഘം പിടികൂടിയത്. റിജോയി എന്ന യുവാവും സംഘവുമാണ് പിടിയിലായത്.
ആലുവ സ്വദേശിയായ ഫ്രാന്സിസ് ആണ് റിജോയിയെ തട്ടിക്കൊണ്ടു പോയത്. ഇരുവരും ഒരേ ലഹരി സംഘത്തിലെ കണ്ണികളാണ്. റിജോയി ഫ്രാന്സിസ് പണം നല്കാനുണ്ടായിരുന്നു. ഇതിനെ തുടര്ന്നാണ് കാറില് തട്ടിക്കൊണ്ടുപോയത്. തുടര്ന്ന് കുറച്ചകലെ റിജോയിയെ ഇറക്കിവിടുകയുമായിരുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു ഓണ്ലൈന് ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര് ചേര്ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിസിടിവി ക്യാമറകള് പരിശോധിച്ചതില് നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി.
4 യുവാക്കള് ചേര്ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില് ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു. മരട് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോയി ഉള്പ്പെടെ നാലു പേര് ഡാന്സാഫ് സംഘത്തിന്റെ പിടിയിലാവുന്നത്.
അനസ്തീഷ്യ ടെക്നീഷ്യയായ പാര്വതി, സാന്ദ്ര, വിപിന് എന്നിവരാണ് റിജോയ്ക്കൊപ്പം പിടിയിലായ മറ്റു മൂന്നു പേര്. ഇവര് ഒരേ ലഹരി സംഘത്തിലെ കണ്ണികളാണ്. ലഹരിക്കച്ചവടത്തിനായി ഇവര് ഫ്ലാറ്റ് എടുത്ത് ഒരുമിച്ച് കഴിയുകയായിരുന്നു.
Kerala
കൊച്ചി: മരടില് നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി എന്ന കേസില് ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാന്സാഫ് ഇന്ന് രാവിലെ പിടികൂടി. റിജോ എന്ന യുവാവിനെയും ഒപ്പമുണ്ടായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയില് എടുത്തു.
ബുധനാഴ്ച രാത്രിയായിരുന്നു ഓണ്ലൈന് ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര് ചേര്ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സിസിടിവി ക്യാമറകള് പരിശോധിച്ചതില് നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി. 4 യുവാക്കള് ചേര്ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില് ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
മരട് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോ ഉള്പ്പെടെ നാലു പേരെ പാലാരിവട്ടം പോലീസ് ലഹരിയുമായി പിടികൂടിയത്. യുവാള്ക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടെന്നാണ് വിവരം. റിജോ മുമ്പും ലഹരിക്കേസിലെ പ്രതിയാണ്.
Sports
ഹംഗേറിയൻ ഗ്രാൻപ്രീക്കു ശേഷം 2026 സീസൺ ഫോർമുല വണ് മിഡ് സീസണ് ബ്രേക്കിലേക്കു കടക്കുന്പോൾ ട്രാക്കിലെ ഏകാധിപതിയായി കുതിക്കുകയാണ് മെഴ്സിഡസിന്റെ 19കാരൻ ആന്ദ്രെ കിമി അന്റോനെല്ലി. സീസണിന്റെ ആദ്യപകുതി അവസാനിക്കുന്പോൾ ഡ്രൈവർമാരുടെ ചാന്പ്യൻഷിപ്പിൽ അന്റോനെല്ലി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടണിനെക്കാൾ 50 പോയിന്റിന്റെയും ജോർജ് റസലിനെക്കാൾ 59 പോയിന്റിന്റെയും ലീഡുമായാണ് കിമി വേനലവധിക്ക് ട്രാക്ക് വിടുന്നത്.
ഓഗസ്റ്റ് 25നു 20 വയസ് തികയുന്ന അന്റോനെല്ലി നിലവിലെ ലീഡ് നിലനിർത്തുകയാണെങ്കിൽ ഫോർമുല വണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാന്പ്യനാകും. നിലവിൽ ഈ റിക്കാർഡ് 2010ൽ 23 വയസും 134 ദിവസവും പ്രായമുള്ളപ്പോൾ ലോകകിരീടം നേടിയ സെബാസ്റ്റ്യൻ വെറ്റലിന്റെ പേരിലാണ്.
2026 സീസണിൽ നിലവിൽ വന്ന പുതിയ സാങ്കേതികനിയമങ്ങളും മെഴ്സിഡസിനു മുതൽക്കൂട്ടായി. എന്നാൽ, ടീമിന്റെ പരിചയസന്പന്നനായ ജോർജ് റസൽ അല്ല, ടീനേജ് സെൻസേഷൻ ഇറ്റാലിയൻ ഡ്രൈവർ അന്റോനെല്ലിയാണു കിരീടപ്പോരിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയത്.
റൂക്കി സീസണിൽ മൂന്ന് പോഡിയം ഫിനിഷുകൾ നേടിയ അന്റോനെല്ലി, ഈ വർഷം അതിശയിപ്പിക്കുന്ന പ്രകടനമാണു പുറത്തെടുത്തത്. മാർച്ചിൽ നടന്ന ചൈനീസ് ഗ്രാൻപ്രീയിൽ കരിയറിലെ ആദ്യവിജയം സ്വന്തമാക്കിയ അദ്ദേഹം തുടർച്ചയായി അഞ്ച് ഗ്രാൻപ്രീകളിൽ വിജയിച്ച് ഫോർമുല വണ് ചരിത്രത്തിൽ ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറായി. ഈ മാസം ബെൽജിയൻ ഗ്രാൻപ്രീയിലും ജയം കണ്ടതോടെ സീസണിൽ ആകെ ആറു വിജയങ്ങളുമായി ഫോർമുല വണ്ണിലെ താരോദയമായി മാറിയിരിക്കുകയാണ് അന്റോനെല്ലി.
ടീമംഗമായ ജോർജ് റസൽ കരിയറിൽ ആകെ നേടിയ വിജയങ്ങളേക്കാൾ ഒന്നു മാത്രം പിറകിൽ. ഹംഗേറിയൻ ഗ്രാൻപ്രീയിൽ ഗ്രിഡ് പെനാൽറ്റി കാരണം ഏഴാംസ്ഥാനത്തുനിന്ന് മത്സരം ആരംഭിക്കേണ്ടിവന്നെങ്കിലും കിമി മികച്ച തിരിച്ചുവരവിലൂടെ മൂന്നാംസ്ഥാനത്തെത്തി. മക്ലാരന്റെ നിലവിലെ ലോകചാന്പ്യൻ ലൻഡോ നോറിസ് ആണ് ഹംഗറിയിൽ വെന്നിക്കൊടി പാറിച്ചത്.
ഫെരാരിയുടെ ശക്തമായ തിരിച്ചുവരവ്
2025ൽ ഒരു ഗ്രാൻപ്രീ പോലും ജയിക്കാനാകാതിരുന്ന ഫെരാരി, ഈ സീസണിൽ ശ്രദ്ധേയമായ തിരിച്ചുവരവാണു നടത്തിയത്.
ജൂണിൽ ബാഴ്സലോണയിൽ നടന്ന സ്പാനിഷ് ഗ്രാൻപ്രീയിൽ ലൂയിസ് ഹാമിൽട്ടണ് ഫെറാരിക്കായി തന്റെ ആദ്യജയം സ്വന്തമാക്കി.തുടർന്ന് ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ ചാൾസ് ലെക്ലെർക്ക് 37 മത്സരങ്ങളായി നീണ്ടുനിന്ന വിജയവരൾച്ച അവസാനിപ്പിച്ചു.
ഇതുവരെ പോൾ പൊസിഷൻ നേടാനായിട്ടില്ലെങ്കിലും, മികച്ച സ്റ്റാർട്ടുകളും സ്ഥിരതയാർന്ന റേസ് വേഗവും ഫെരാരിക്ക് കരുത്തായി. എന്നാൽ, ഹംഗേറിയൻ ഗ്രാൻപ്രീയിൽ നാലും അഞ്ചും സ്ഥാനങ്ങൾകൊണ്ട് ഫെരാരിക്കു തൃപ്തിപ്പെടേണ്ടിവന്നു.
Kerala
എനിക്കാദ്യം കാണാൻ കഴിഞ്ഞത് ചണ്ഡിഗഡിലെ പോരാട്ടമാണ്. ഒരു രാഷ്ട്രീയ പാർട്ടിയോടും അടിമത്തമില്ലാത്ത, എന്നാൽ ഇന്ത്യാ മഹാരാജ്യത്തോട് ആഴമേറിയ പ്രതിബദ്ധതയുള്ള യുവാക്കൾ പാട്ടു പാടിയും കവിത ചൊല്ലിയും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.
ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത് ഭഗത് സിംഗ് കീ ജയ്, മഹാത്മാഗാന്ധിജി ജയ് ആണ്. ഇന്ത്യൻ ഭരണഘടന എടുത്തുയർത്തി എല്ലാവരോടും സ്നേഹത്തോടെയും സാഹോദര്യത്തോടെയും തങ്ങളുടെ പ്രതിഷേധം ചിരിച്ചു കൊണ്ടറിയിക്കുന്ന പഞ്ചാബിന്റെ ഇന്ത്യൻ യുവത്വത്തെയാണ് കണ്ടത്. എല്ലാവരും 30 വയസിൽ താഴെയുള്ളവർ.
പിന്നീട് മഹാ യുവജന പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ ജന്തർ മന്തറിലും പോയി കാണാനുള്ള അവസരമുണ്ടായി. ചോദിക്കാനും പറയാനും പിള്ളേരുണ്ട് എന്ന് മുതിർന്ന തലമുറ രോമാഞ്ചത്തോടെ നോക്കിക്കാണുന്ന കാഴ്ച. സത്യത്തിൽ അത് ഇലക്ട്രിഫൈഡ് അനുഭവമായിരുന്നു. വൈദ്യുതികാന്തി ശരീരത്തിലേക്ക് ഊർജം കടത്തിവിട്ടതുപോലെ രോമാഞ്ചം.
ഇരുപതിലധികം വിദ്യാർഥികളുടെ ആത്മഹത്യയിൽ കലാശിച്ച ഇന്ത്യയുടെ നീറ്റ് പരീക്ഷ. 152 ചോദ്യപേപ്പർ കഴിഞ്ഞ 12 വർഷങ്ങളിൽ ലീക്ക് ആയി എന്ന ഞെട്ടിക്കുന്ന യാഥാർഥ്യം അപ്പോഴാണ് നമ്മുടെ മനസിൽ സ്ഥാനം പിടിക്കുന്നത്.
ഇൻക്വിലാബ് സിന്ദാബാദ്, ഭാരത് മാത കീ ജയ്, വന്ദേ മാതരം, ജയ് ജയ് ജയ് ഭീം അടക്കം ഗാന്ധിജിയുടെയും അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ ഉയർത്തി ഇന്ത്യൻ വിദ്യാർഥിസമൂഹം അതിശക്തമായ ഒരു ഭരണകൂടത്തിന് പ്രതിരോധം ഉയർത്തുന്ന കാഴ്ച.
ജൂലൈ 20ന് ഈ കുട്ടികളെ തല്ലിച്ചതയ്ക്കുന്പോഴാണ് രാജ്യത്തിന്റെ മനഃസാക്ഷി ഉണർന്നത്. അമിതാധികാരത്തിനും ധാർഷ്ട്യത്തിനുമെതിരേ ഒരു ജനത പടപൊരുതാനിറങ്ങുകയായിരുന്നു.
ഏതു ഭരണകൂടമായാലും അതു ചെയ്യരുതായിരുന്നു. പലപ്പോഴും അമിതാധികാര പ്രയോഗവും തെറ്റായ പോലീസ് ആക്ഷനുമാണ് ഒരു ജനതയെ പ്രതിരോധത്തിന്റെ പാതയിലെത്തിക്കുന്നത്.
കക്ഷിരാഷ്ട്രീയത്തിനതീതമായി നമ്മുടെ ജനങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കണം. ഇതിനു യുവജനത നമുക്ക് വഴികാട്ടിയാകുകയായിരുന്നു.
അണ്ണാ ഹസാരെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ജെൻ സി വൈബ് കൂടുതലായിരുന്നു.
രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തി സോനം ജി, അഭിജിത് ദീപ്കേ, സോഷ്യൽ മീഡിയ പോരാളികൾ എല്ലാവരും ഭയമില്ലാതെ പ്രതികരിക്കാൻ നമ്മളെ പഠിപ്പിച്ചു. നമുക്ക് നമ്മുടെ യുവ തലമുറ മാർഗദർശിയാകുന്ന മനോഹര കാഴ്ച - അതാണ് ജന്തർ മന്തർ.
Kerala
കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വച്ച് ചിറയിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശേരിക്കൽ ചിറയുടെ തെക്കതിൽ ബാബു ആണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. നീന്തൽ തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.
ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
കൊല്ലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തെരച്ചിൽ നടത്തിയത്. സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കൊച്ചി: തൃക്കാക്കരയില് മകനും സുഹൃത്തുക്കളും നേരിട്ട ക്രൂരമര്ദനത്തെ കുറിച്ച് പറഞ്ഞ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെ എന്ജിഒ ക്വാര്ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എ ബൗട്ടിന് സമീപമായിരുന്നു ഇടിവേള ഉപയോഗിച്ച് യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്ദിച്ചത്.
ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില് കാക്കനാട് പടമുകള് സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്, നിസാം എന്നിവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മകനും സുഹൃത്തുക്കളും ചെമ്പുമുക്കില് സുഹൃത്തിന്റെ വിവാഹ ചടങ്ങില് പങ്കെടുത്ത് മടങ്ങി വരവെയാണ് സംഭവമുണ്ടായത്.
മണവാളന്റെ കുന്നപുറത്തെ വീട്ടില് നിന്നും തിരിച്ച് വരുന്നതിനിടെ ബര്ക്കത്ത് എന്ന കടയില് നിന്നും ചായ കുടിച്ചു. അഞ്ചു സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. അതില് രണ്ടു പേര് വീട്ടിലേക്ക് പോയി. മകനും മറ്റു രണ്ടു സുഹൃത്തുക്കളും ചായ കുടിച്ച് ഇറങ്ങിയപ്പോഴാണ് ഗുണ്ടകള് എത്തിയത്.
മറ്റൊരു ടീമുമായി വാക്കേറ്റം നടന്നതിനെ കുറിച്ച് എന്താണ് ചേട്ടാ എന്ന് അവരോട് ചോദിച്ചു. പിന്നെ ബോധമില്ല. ഒറ്റയടിക്ക് താഴെ വീണു. ആദ്യം പ്രവീണിനെ അടിച്ചു വീഴ്ത്തി പിന്നെ ഷാഫിയെയും. നിസാം ഓടാന് ശ്രമിച്ചെങ്കിലും പിടിച്ചു വലിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ഷാഫിയുടെ പിതാവ് പ്രതികരിച്ചത്.
കേസിലെ പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്. കളമശേരി സ്വദേശി ഷെഫിന് (31), പൂക്കാട്ടുപടി സ്വദേശി ഫഹദ് (30), കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില് എത്തിച്ചു.
പ്രതികളുടെ മര്ദനത്തില് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്വരിയിലെ നാല് പല്ലുകള് ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില് മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില് ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
Kerala
കണ്ണൂർ: രാഷ്ട്രത്തിന്റെയും സഭയുടെയും നാളെത്തെ കരുത്താണ് യുവജനങ്ങളെന്ന് മന്ത്രി സണ്ണി ജോസഫ്. ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) കോട്ടയം അതിരൂപത യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബറുമറിയം പാസ്റ്ററൽ സെന്ററിൽ (ശ്രീപുരം സ്കൂൾ ഓഡിറ്റോറിയം) നടന്ന യുവജന ദിനാഘോഷത്തിൽ കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി.രാവിലെ 10ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച യുവജനദിന ആഘോഷത്തിൽ ഫാ. ജോയ് കട്ടിയങ്കൽ സ്വാഗതം പറഞ്ഞു.
അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. അതിരൂപത ചാപ്ലയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. മലബാർ റീജൺ ചപ്ലയിൻ ഫാ. ജയിംസ് പൊങ്ങാനിയിൽ ആശംസ അറിയിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മന്ത്രി സണ്ണി ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും നിയുക്ത അതുരൂപത പ്രസിഡന്റ് ജാക്സൺ നന്ദിയും അറിയിച്ചു. ചടങ്ങിൽ നിയുക്ത അതിരൂപത, മലബാർ റീജൺ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, വിവിധമേഖലയിലെ സമ്മാനദാനം എന്നിവയും നടന്നു.
അഡ്വൈസർ സിസ്റ്റർ ലേഖ, ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ്, ഭാരവാഹികളായ നിതിൻ ജോസ്, ആൽബിൻ ബിജു, ബെറ്റി തോമസ്,അലൻ ബിജു, മലബാർ റീജൺ ഭാരവാഹികളായ ഡയറക്ടർ തോമസ് ചാക്കോ, അഡ്വൈസർ സി. സുനി, അഖിൽ, അനീറ്റ, ജ്യോതിസ്, ബോണി ജോസ് ടോമി, ടെസ്ലിൻ തോമസ്, ജോയൽ ടെനി, ജിസ്മി ബാബു, സ്റ്റിന്റോ എന്നിവർ നേതൃത്വം നൽകി. 1200 ഓളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.